തിരുനക്കര മഹാദേവക്ഷേത്രം
കേരളത്തിൽ കോട്ടയം ജില്ലയിലെ കോട്ടയം നഗരഹൃദയമായ തിരുനക്കരയിൽ സ്ഥിതിചെയ്യുന്ന അതിപുരാതന ശിവക്ഷേത്രമാണ് തിരുനക്കര ശ്രീമഹാദേവക്ഷേത്രം(9°35′25.64″N 76°31′7.17″E). 108 ശിവക്ഷേത്രങ്ങളിൽ പറയുന്ന ഈ മഹാദേവക്ഷേത്രത്തിലെ പ്രതിഷ്ഠ സ്വയംഭൂവാണങ്കിലും പ്രതിഷ്ഠ നടത്തിയത് പരശുരാമനാണെന്ന് എന്നു വിശ്വസിയ്ക്കപ്പെടുന്നു. നൂറ്റെട്ട് ശിവാലയങ്ങളിലെ ആദ്യ ക്ഷേത്രമായ തൃശ്ശിവപേരൂർ വടക്കുംനാഥക്ഷേത്രത്തിലെ ഭഗവാൻ തന്നെയാണ് ഇവിടെയും കുടികൊള്ളുന്നത് എന്നാണ് ഐതിഹ്യം. തിരുവിതാംകൂർ പിടിയ്ക്കും മുമ്പ് കോട്ടയവും സമീപപ്രദേശങ്ങളും വാണിരുന്ന തെക്കുംകൂർ രാജാക്കന്മാരുടെ കുടുംബദൈവമാണ് തിരുനക്കര തേവർ എന്നറിയപ്പെടുന്ന ഇവിടത്തെ ശ്രീ പരമേശ്വരൻ. പാർവ്വതീ സമേതനായാണ് ഇവിടെ ശ്രീപരമേശ്വരനെ പ്രതിഷ്ഠിച്ചിരിക്കുന്നത്. കൂടാതെ, ഉപദേവതകളായി ഗണപതി, ദുർഗ്ഗാ ഭഗവതി, സുബ്രഹ്മണ്യൻ, അയ്യപ്പൻ, വടക്കുന്നാഥൻ (ശിവൻ), നാഗദൈവങ്ങൾ, ബ്രഹ്മരക്ഷസ്സ് എന്നിവർക്കും പ്രതിഷ്ഠകളുണ്ട്. വടക്കുംനാഥക്ഷേത്രത്തിനു ചുറ്റും തേക്കിൻകാട് മൈതാനം പോലെ ക്ഷേത്രത്തിനടുത്ത് തിരുനക്കര മൈതാനവുമുണ്ട്. ദിവസവും അവിടെ പരിപാടികൾ നടക്കാറുണ്ട്. കോട്ടയം വഴി കടന്നുപോകുന്ന ഏതൊരാളും തിരുനക്കര ക്ഷേത്രത്തിന്റെ ഏതെങ്കിലുമൊരു മൂലയിലൂടെയല്ലാതെ കടന്നുപോകില്ല. മീനം, മിഥുനം, തുലാം എന്നീ മാസങ്ങളിലായി മൂന്ന് കൊടിയേറ്റുത്സവങ്ങൾ നടക്കുന്ന ക്ഷേത്രമാണിത്. ഇവയിൽ മീനമാസത്തിലേതാണ് ഏറ്റവും പ്രധാനം. ഇത് കോട്ടയം നഗരത്തിന്റെ ദേശീയോത്സവമായി കണക്കാക്കപ്പെടുന്നു. ഈ മൂന്ന് ഉത്സവങ്ങൾ കൂടാതെ, കുംഭമാസത്തിലെ മഹാശിവരാത്രി, ധനുമാസത്തിലെ തിരുവാതിര, നവരാത്രി എന്നിവയും വിശേഷദിവസങ്ങളാണ്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലാണ് ഈ മഹാക്ഷേത്രം.